കൊൽക്കത്ത : ദിവസങ്ങളായി തുടരുന്ന ഇന്ധനവിലക്കെതിരെ വേറിട്ട പ്രതിഷേധം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണു വേറിട്ട ഈ പ്രതിഷേധവുമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഔദ്യോഗിക വസതിയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് പോയത് ഇലക്‌ട്രിക് സ്‌കൂട്ടറില്‍. ഔദ്യോഗിക വസതിയായ ഹസ്രാമോറേയില്‍ നിന്നും സെക്രട്ടറിയേറ്റ് വരെയുള്ള അഞ്ചു കിലോമീറ്റര്‍ യാത്രയില്‍ റോഡിന്റെ ഇരു വശങ്ങളില്‍ നിന്നും ജനങ്ങള്‍ വരവേറ്റു. സംസ്ഥാന മന്ത്രി ഫിര്‍ഹാദ് ഹക്കീമിന് പിന്നിലിരുന്നായിരുന്നു യാത്ര.
ഹെല്‍മറ്റ് ധരിച്ചും പെട്രോള്‍വില കൂടുന്നതിലെ പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ കഴുത്തില്‍ തൂക്കിയുമായിരുന്നു വൈദ്യൂതി സ്‌കൂട്ടറിലെ സഞ്ചാരം. നബാനയില്‍ എത്തിയ ശേഷം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.
”ഇന്ധനവില വര്‍ദ്ധനവിനെതിരേ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്രമോഡി ജനങ്ങളെ വഞ്ചിക്കുകയാണ്. പെട്രോള്‍വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ അതിനായി ഒന്നും ചെയ്യുന്നില്ല. ഇക്കാര്യം അറിയാന്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴത്തെ പെട്രോള്‍ വിലയും ഇപ്പോഴത്തെ പെട്രോള്‍ വിലയും താരതമ്യം ചെയ്താല്‍ മതിയാകും. മോഡിയും ഷായും ചേര്‍ന്ന് രാജ്യത്തെ വില്‍ക്കുകയാണ്. ഇത് ജനവിരുദ്ധ സര്‍ക്കാരാണ്.” അവര്‍ പറഞ്ഞു. അഹമ്മദാബാദിലെ മെട്ടേര സ്‌റ്റേഡിയത്തയിന്റെ പേരു മാറ്റിയതിനെയും മമതാബാനര്‍ജി വിമര്‍ശിച്ചു.