തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ ബിജെപിയുടെ മാർച്ച് തടയാനൊരുക്കിയ ബാരിക്കേഡിനു മുന്നില്‍നിന്ന പോലീസുകാരോട് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മില്‍മ.’ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന വാചകത്തോടെ വിദ്യാർത്ഥിയുടെ കാരിക്കേച്ചർവെച്ചാണ് പരസ്യം. പോലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മില്‍മയുടെ സ്നേഹമെന്നും പരസ്യത്തിലുണ്ട്.
എന്നാല്‍ പരസ്യത്തിനെതിരെ വിദ്യാർത്ഥിയുടെ മാതാപിതാക്കള്‍ രംഗത്ത് എത്തി. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇങ്ങനെ ഒരു പരസ്യം ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇതിനെതിരെ മില്‍മ അധികൃതർക്ക് പരാതി ഇ-മെയിലിലൂടെ അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ ഹരിസുന്ദർ അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയില്‍ നിന്ന് മറ്റും ബന്ധുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും അത് മകന് മാനസികമായ വിഷമമുണ്ടാക്കി. താന്‍ അവരോട് ചൂടായൊന്നും സംസാരിച്ചിട്ടില്ലല്ലോ എന്നു സങ്കടത്തോടെയാണവന്‍ പറയുന്നതെന്നും ഹരിസുന്ദര്‍ പറഞ്ഞു. ഭാരതീയ വിദ്യാഭവനില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്. അതേസമയം വിദ്യാർത്ഥിയെ അഭിനന്ദിച്ച് നിരവധി പേർ എത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സന്ദേശം പലരും ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ശബരിമല വിഷയത്തില്‍ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത്. ഇതിനിടെയില്‍ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയ സ്കൂള്‍ വിദ്യാർത്ഥി പോലീസുകാരോട് പരിഭവം പറയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. . ‘സാറേ.. എനിക്ക് ചോറ് വേണം, അല്ലേല്‍ അപ്പുറത്താക്കി താ’ എന്ന് വിദ്യാർത്ഥി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് തന്റെ വീടെന്നും അവിടേക്കാണ് പോകേണ്ടതെന്നും കുട്ടി പറഞ്ഞെങ്കിലും വഴി തുറന്നുനല്‍കാൻ പൊലീസുകാർ തയാറായില്ല.