തൃശൂർ: കുന്നംകുളം മുൻ എംഎല്‍എ ബാബു എം പാലിശേരി (67) അന്തരിച്ചു. പാർക്കിൻസണ്‍സ് രോഗബാധിതനായി ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.കടുത്ത ശ്വാസ തടസത്തെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.
2005ലും 2010ലും കുന്നംകുളത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭാംഗമായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. നിരവധി പാർട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മികച്ച പ്രാസംഗികൻ കൂടിയായിരുന്നു. കലാ-സാംസ്‌കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചു.
റിട്ട. ഇൻകംടാക്‌സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമൻ നായരുടെയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടെയും മൂത്ത മകനായാണ് ജനനം. 1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്തെത്തി. 1986 മുതല്‍ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. 1984ല്‍ ആണ് സിപിഎം അംഗമായത്. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശേരി, അഖില്‍ പാലിശേരി. സംസ്‌കാരം നാളെ.