നെന്മാറ സജിത വധക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാ വിധി മറ്റന്നാള്‍. പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്.പ്രതിയായ ചെന്താമര കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊലനടത്തിയതിനെക്കുറിച്ചും പ്രൊസിക്യൂഷൻ സൂചിപ്പിച്ചു. പരോള്‍ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.

എന്നാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യമുന്നയിച്ചു. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിത്. അപൂർവങ്ങളില്‍ അപൂർവമായ കേസല്ലെന്നും മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

68 സാക്ഷികളുള്ള കുറ്റപത്രമാണ് 2020ല്‍ കോടതിയില്‍ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 4നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനിടയില്‍ പലതവണ ചെന്താമര കോടതി വളപ്പില്‍ ഭീഷണി മുഴക്കിയെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയില്‍ അറിയിച്ചു.

അയല്‍വാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

spot_img

Related Articles

Latest news