തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സ്‌കൂള്‍ മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയവത്‌കരിക്കാൻ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അഭിഭാഷകയുടെ പരാമർഷങ്ങള്‍ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.
ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാല്‍ വിദ്യാർത്ഥിനിക്ക് സ്കൂളില്‍ തുടരാം എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതില്‍ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സ്കൂള്‍ അധികൃതർ നേരത്തേ പറഞ്ഞു. ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരണമെന്ന മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയില്‍ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാല്‍, സ്‌കൂള്‍ മാനേജ്‌മെന്റിനെ വിമർശിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദം വീണ്ടും തലപൊക്കുകയായിരുന്നു.
മുൻപ് നിബന്ധന സ്വീകാര്യമെന്ന് വ്യക്തമാക്കിയ രക്ഷിതാവ് സമ്മതപത്രം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സമ്മതപത്രം നല്‍കിയാല്‍ കുട്ടിക്ക് സ്കൂളില്‍ തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് ആവർത്തിക്കുന്നത്. അനിശ്ചിതത്വം തുടരുന്നതിനിടെ കുട്ടി ഇന്നും സ്കൂളിലെത്തിയില്ല. പനിയാണെന്നാണ് വിശദീകരണം.