പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം.മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ മൂന്നേകാല്‍ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് വിധിച്ചു. കൊലപാതകത്തിനും അതിക്രമിച്ചു കയറിയതിനുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. അതേസമയം കേസ് അപൂർവങ്ങളില്‍ അപൂർവമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചെന്താമരയ്ക്ക് മുൻപ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി പരാമർശിച്ചു.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായ നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിത (35)യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി.