കോഴിക്കോട്: മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന കുടിയേറ്റപ്പക്ഷിയായ പൊന്തക്കുരുവി എന്ന സൈക്സ് വാർബ്ലറിനെ കോഴിക്കോട് കണ്ടെത്തി. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രഫർമാരായ ഹസനുൽ ബസരി, ജുനൈദ് വെള്ളിപ്പറമ്പ് എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്നും പക്ഷി നിരീക്ഷണ യാത്രക്കിടെ പൊന്തക്കുരുവിയെ കണ്ടെത്തിയത്. റഷ്യയിലെ വോൾഗാ നദിയുടെ കിഴക്കൻ ഭാഗം മുതൽ കസാക്കിസ്ഥാൻ, ചൈനയിലെ സിൻജിയാങ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇവ അപൂർവമായാണ് കേരളത്തിലെത്തുന്നത്. ചെറിയ ശരീരവലുപ്പവും, തവിട്ടു-മഞ്ഞ നിറത്തിലുമായി വേഗതയിൽ ചലിക്കുന്ന ഇവയെ കണ്ടു കിട്ടാൻ പ്രയാസമാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നകേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമ്മക്കാണ് ഈ പക്ഷിക്ക് പേര് നൽകിയതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ ചില ജില്ലകളിൽ നേരത്തെ തന്നെ പൊന്തക്കുരുവിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, പക്ഷി നിരീക്ഷണ പോർട്ടലായ ഇ-ബേർഡ് പ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണ് ഇത്. ഇതോടെ കോഴിക്കോട് ഇത് വരെ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 404 ആയി.

