കൊച്ചി: മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ്‌സ്-2008 ചട്ടം പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അഭിപ്രായം തേടണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിര്‍ദേശം. ” മുസ്‌ലിം പുരുഷന് വിവാഹം കഴിക്കാന്‍ മുസ്‌ലിം വ്യക്തി നിയമം അവകാശം നല്‍കുന്നു. പക്ഷേ, രാജ്യത്തെ നിയമം നിലനില്‍ക്കണം. ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോള്‍ മതം രണ്ടാമതാവുന്നു.”-കോടതി വ്യാഖ്യാനിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ഒരു മുസ്‌ലിം പുരുഷനും അയാളുടെ രണ്ടാം ഭാര്യയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ” കേസില്‍ പുരുഷന്റെ ആദ്യ ഭാര്യ കക്ഷിയല്ല. അതിനാല്‍ തന്നെ ഹരജി കേള്‍ക്കാനാവില്ല. അതിനാല്‍ ഹരജിക്കാര്‍ക്ക് വിവാഹ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാം. രജിസ്ട്രാര്‍ ആദ്യ ഭാര്യക്ക് നോട്ടിസ് നല്‍കണം. ആദ്യ ഭാര്യ രണ്ടാം വിവാഹം നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെടുകയാണെങ്കില്‍ കോടതിയെ സമീപിക്കാം. ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുമ്പോള്‍ നിലപാട് പറയാന്‍ മുസ്‌ലിം സ്ത്രീക്കും അവകാശം ലഭിക്കട്ടെ, ഏറ്റവും ചുരുങ്ങിയത് രജിസ്‌ട്രേഷന്റെ സമയത്തെങ്കിലും.”-കോടതി പറഞ്ഞു. ഹരജിക്കാരനായ വ്യക്തിക്ക് ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. രണ്ടാം വിവാഹത്തിലും രണ്ടു കുട്ടികളുണ്ട്. തന്റെ സ്വത്തില്‍ എല്ലാ മക്കള്‍ക്കും തുല്യമായ അവകാശം ലഭിക്കാനാണ് അയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. പക്ഷേ, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വിഷയത്തില്‍ രണ്ടു നിയമപ്രശ്‌നങ്ങളാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യക്ക് നോട്ടിസ് നല്‍കണോ, ആദ്യ ഭാര്യ രജിസ്‌ട്രേഷന് വിസമ്മതിച്ചാല്‍ എന്താണ് പരിഹാര മാര്‍ഗം എന്നിവയാണ് അവ. എല്ലാ വിവാഹ ബന്ധങ്ങളിലും നീതിയും ന്യായവും വേണമെന്നാണ് ഖുര്‍ആനും ഹദീസുകളും പറയുന്നതെന്ന് കോടതി പറഞ്ഞു. അതിനാല്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടുന്നതില്‍ തെറ്റില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Mediawings:

