കാഞ്ഞങ്ങാട് : നമ്പർപ്ലേറ്റ് മറച്ച് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരേ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി. കാഞ്ഞങ്ങാട് ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പത്തിലധികം വാഹനങ്ങളെ പിടിച്ച് ഡ്രൈവർമാർക്ക് പിഴയും താക്കീതും നൽകി. നമ്പർപ്ലേറ്റുകളെ മറച്ച് തോരണങ്ങളും തുണികളും തൂക്കിയിട്ട വാഹനങ്ങൾക്കതിരേയാണ് മോട്ടോർവാഹനവകുപ്പിന്റെ നടപടി.
അപകടങ്ങൾക്കുശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രധാന ഉപാധിയാണ് നമ്പർപ്ലേറ്റുകൾ. പ്രധാനമായും അന്യസംസ്ഥാന വാഹനങ്ങളാണ് ഇത്തരത്തിലുള്ള നിയമലംഘനം നടത്തുന്നത്. ഇത്തരം വാഹനങ്ങളുടെ മുന്നിലും പിന്നിലും മാത്രമല്ല, അരികുകളിലും ഇത്തരം തോരണങ്ങളും മാലകളും തുണിക്കഷണങ്ങളും നമ്പർപ്ലേറ്റിനെ മറച്ച് ഞാണുകിടക്കുന്നത് കാണാം. അപകടങ്ങൾ, കവർച്ചകൾ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് വാഹനങ്ങളുടെ നമ്പർപ്ലേറ്റ് തിരിച്ചറിയാൻ പറ്റാത്ത പ്രശ്നം ഗൗരവമായി മാറുന്നത്.
അതിർത്തിജില്ലയായ കാസർകോടിനെ സംബന്ധിച്ചിടത്തോളം പോലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും വാഹനങ്ങൾ അതിർത്തികടക്കാനുള്ള സാധ്യത ഏറെയാണ്. കൊടിതോരണങ്ങൾക്കു പുറമെ വാഹനനിർമിതിയിൽതന്നെ നമ്പർപ്ലേറ്റ് മറച്ചുവെക്കുന്നതായും ആർടിഒ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Mediawings:

