ഷാർജ : കഥകൾക്ക് വ്യത്യസ്തമായ പ്രമേയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും വ്യക്തമായ ഇടവേളകൾക്ക് ശേഷം മാത്രമേ രചന നടത്താവൂ എന്നും എഴുത്തുകാരൻ അർഷാദ് ബത്തേരി അഭിപ്രായപ്പെട്ടു. വേറിട്ട വിഷയങ്ങൾ ലഭിക്കുമ്പോഴാണ് ഒരു സൃഷ്ടി ജനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഥാകൃത്ത് പുന്നയൂർക്കുളം സൈനുദ്ദീന്റെ ‘ക്രിമിനൽ താമസിച്ചിരുന്ന വീട്’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലായിരുന്നു ചടങ്ങ്.
പ്രമുഖ എഴുത്തുകാരൻ പി. ശിവപ്രസാദ് പുസ്തകത്തെ കുറിച്ച് സംസാരിക്കുമ്പോൾ, “മുഖ്യധാരാ മാധ്യമങ്ങൾ പ്രവാസികളെ അവഗണിക്കുന്നു എന്ന ആരോപണം നിലനിൽക്കുമ്പോഴും, പുന്നയൂർക്കുളം സൈനുദ്ദീന്റെ കഥകൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എല്ലായിടത്തും തന്നെ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനകൾ കാമ്പുള്ളതും വായനക്കാരനെ ആകർഷിക്കുന്നതുമാണ്” എന്നുവും പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീ പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. അനിൽ സിപി അധ്യക്ഷത വഹിച്ചു. വി.പി. റാഷിദ് സ്വാഗതം പറഞ്ഞു. ഇ.കെ. ദിനേശൻ, ജെ.സി. മറൂഫ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.
ഷീലാ പോൾ, വൈ.എ. സാജിത, ത്വയ്യിബ് ചേറ്റുവ, റഹീം കട്ടിപ്പാറ, ലേഖ ജസ്റ്റിൻ, സ്മിത പ്രമോദ്, ഷാജ് ആര്യനാട് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. സിയാദ് സൈൻ, സുഹൈൽ, റഷീദ് വന്നേരി, സൈഫുദ്ദീൻ ആദികടലായി, ലൈല സൈനുദ്ദീൻ, ഷാഹിൻ സൈൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
ജെനി നന്ദി രേഖപ്പെടുത്തി. ചടങ്ങിന്റെ അവസാനം കഥാകൃത്ത് പുന്നയൂർക്കുളം സൈനുദ്ദീൻ മറുമൊഴിയും രേഖപ്പെടുത്തി.

