ഇനി തദ്ദേശപ്പോര്; സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഡിസംബർ 13 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബർ പതിനൊന്നിനാണ് നടക്കുക. തൃശൂർ മുതൽ കാസർകോട് വരെയാണ് രണ്ടാംഘട്ടത്തിൽ. വോട്ടെണ്ണൽ ഡിസംബർ 13 ന് നടക്കും.

നാമനിർദേശ പത്രിക 14-ന് നൽകാം. അവസാന തീയതി നവംബർ 21 ആണ്. പത്രിക പിൻവലിക്കുന്ന തീയതി നവംബർ 24 ആണ്. ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം. പ്രായമായവർക്കും മാധ്യമ പ്രവർത്തകർക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികള്‍ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്‍ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.

തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്‍ത്തകള്‍, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.

spot_img

Related Articles

Latest news