തിരുവനന്തപുരം: കോർപ്പറേഷനിലെ മത്സരചിത്രം തെളിയുന്നു. തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി തിരുവനന്തപുരം കോർപ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള എട്ട് സീറ്റുകളിലേക്ക് ഘടകക്ഷികളുമായി ചർച്ച ചെയ്ത് പ്രഖ്യാപിക്കും. നാളെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും വി. ജോയി വ്യക്തമാക്കി.
ആകെ 101 വാർഡുകളാണ് തിരുവനന്തപുരം കോർപ്പറേഷനില്‍ ഉള്ളത്. ഇതില്‍ 70 സീറ്റുകളിലും സിപിഐഎം മത്സരിക്കും. 17 സീറ്റുകളിലാകും സിപിഐ മത്സരിക്കുക. കേരള കോണ്‍ഗ്രസ് എം- 3, ജെഡിഎസ്- 2, ആർജെഡി 3, ഐഎൻഎല്‍- 1, എൻസിപി-1, കേരള കോണ്‍ഗ്രസ് ബി- 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്-1, ജെഎസ്എസ്- 1, കോണ്‍ഗ്രസ് എസ്- 1 എന്നിങ്ങനെയാണ് സീറ്റ് നല്‍കിയിരിക്കുന്നത്.
നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഡെപ്യൂട്ടി മേയർ പി.കെ. രാജുവിൻ്റെ മകള്‍ തൃപ്തി രാജുവാണ് പട്ടം വാർഡില്‍ നിന്ന് മത്സരിക്കുന്നത്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ആർ.പി. ശിവജി, മുൻ മേയർ കെ. ശ്രീകുമാർ, ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി.ദീപക് എന്നിവരാണ് സിപിഐഎമ്മിലെ പ്രമുഖ നേതാക്കള്‍. ആർ.പി. ശിവജി, കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിങ്ങനെ മൂന്ന് ഏരിയ സെക്രട്ടറിമാരും സ്ഥാനാർഥികളായുണ്ട്. വഞ്ചിയൂരിലാണ് വഞ്ചിയൂർ ബാബു മത്സരിക്കുക. മുൻ മേയർ കെ. ശ്രീകുമാർ ചാക്കയിലും ആർ.പി. ശിവജി പുന്നയ്ക്കാമുഗളിലും മത്സരിക്കും.
30 വയസ്സില്‍ താഴെയുള്ള 13 പേർ മത്സരിക്കുന്നുണ്ട്. ഇതില്‍ 24കാരിയായ മേഘ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. അലത്തറയില്‍ നിന്നാണ് മേഘ്ന മത്സരിക്കുന്നത്. മാധ്യമ പ്രവർത്തക കൂടിയായ അഡ്വക്കേറ്റ് പാർവതി ഗൗരീശപട്ടണത്ത് നിന്നും മത്സരിക്കും. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ്. ശ്യാമ കേശവദാസപുരത്ത് നിന്നും മത്സരിക്കും.

