തലശ്ശേരി: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരൻ.
കേസിൽ തലശ്ശേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എം ടി ജലജറാണി നാളെ വിധിപറയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിശുദിനത്തിൽ നിർണായക കണ്ടെത്തൽ.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന് തവണ അധ്യാപകൻ ബാത്ത്റൂമിൽ കൊണ്ടു പോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പത്മരാജൻ
77 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. സ്വകാര്യ ഭാഗത്ത് മുറിവുണ്ടായതിന്റെയും ബ്ലീഡിങ്ങിനെ തുടർന്ന് ചികിത്സ തേടിയതിൻ്റെയും വിവരങ്ങളും ഹാജരാക്കിയ രേഖകളിലുണ്ട്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിച്ചു.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തു വയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്.
പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

