തലശ്ശേരി :പാനൂർ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവും കൂടാതെ ഒരു ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ അതിവേഗ കോടതി വിധിച്ചു. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷത്തെ തടവുശിക്ഷയും ഒരു രൂപ പിഴയും കൂടി കോടതി ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ബലാൽസംഗവും പോക്സോ കുറ്റങ്ങളും പൂർണ്ണമായും തെളിഞ്ഞതായും വ്യക്തമാക്കി. കുറ്റക്കാരനെന്ന കോടതി കണ്ടെത്തലിനുശേഷം അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കി തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
ശിക്ഷാവിധി ദിനത്തിൽ കോടതിയിൽ ഹാജരാകുമ്പോൾ പത്മരാജന്റെ പ്രസ്താവനയും ശ്രദ്ധേയമായി. ജഡ്ജി എം.ടി. ജലജാറാണിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ, “എന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ ഉത്തരവാദി എസ്.ഡി.പി.ഐ ആയിരിക്കും. എന്നെ പോലുള്ള നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ പ്രസ്താവന രേഖപ്പെടുത്തണമെന്ന പ്രതിഭാഗ അഭിഭാഷകരുടെ ആവശ്യത്തെ കോടതി നിരസിക്കുകയും വാദഘട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് തലശ്ശേരി പോക്സോ പ്രത്യേക കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

