ദുബൈ :-ദുബായിൽ അനാവശ്യമായി ഹോൺ അടിച്ചാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും കിട്ടും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അത് വിട്ടു കിട്ടാൻ 10,000 ദിർഹം വേറെയും അടയ്ക്കണം.
ഹോൺ അടിക്കുന്നത് മാത്രമല്ല ഉച്ചത്തിലുള്ള മറ്റു ശബ്ദങ്ങളും വാഹനത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ല. ഇതും ഈ നിയമത്തിന്റെ പരിധിയിൽ വരും.
അടിയന്തിര ഘട്ടത്തിൽ മാത്രം ഒരു പ്രാവശ്യം ഹോൺ അടിക്കാം. ആളുകൾ റോഡ് അശ്രദ്ധമായി മുറിച്ചു കടക്കുകയോ കുറുകെ ചാടുകയോ ചെയ്യുമ്പോൾ അപകടം ഒഴിവാക്കാൻ ഒരു പ്രാവശ്യം അടിക്കാം. അതല്ലെങ്കിൽ മറ്റൊരു ഡ്രൈവർ അപകടകരമാം വിധം മുന്നിലേയ്ക്ക് ഓടിച്ചു വന്നാൽ അപകടം ഒഴിവാക്കാൻ വേണ്ടി ഒരു പ്രാവശ്യം ഹോൺ അടിക്കാം.
ഒരു കാരണ വശാലും തുടർച്ചയായി ഹോൺ അടിക്കുകയോ, ഹോൺ നിരോധിച്ച, പള്ളി, സ്കൂൾ പ്രദേശങ്ങളിലോ വാഹനം പാർക്ക് ചെയ്ത് വെച്ചിടത്തോ ഹോൺ അടിക്കരുത്.
മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നവിധം ശബ്ദമുണ്ടാകാനിട വരരുത്. ശബ്ദമലിനീകരണം കുറക്കുകയും മറ്റുള്ളവർക്ക് ശല്യമുണ്ടാകാതെ വാഹനം ഓടിക്കുകയും ചെയ്യുക എന്നതിന്റെ ഭാഗമായാണ് അധികൃതർ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്.
നിരീക്ഷിക്കുന്നതിനായി AI നിർമിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതാണെന്ന് റിപോർട്ടുകൾ പറയുന്നു.

