റിയാദ്: കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മ നിലവിൽ വന്നു. കൊല്ലം ജില്ല കൾച്ചറൽ അസോസിയേഷൻ (കെ.സി.എ റിയാദ്) എന്ന പേരിൽ രൂപവത്കരിച്ച കൂട്ടായ്മയുടെ ആദ്യ യോഗം നിസാർ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തിൽ റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലയിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു. സമ്പന്നമായ ചരിത്രം പേറുന്ന പഴയ ദേശിങ്ങനാടായ കൊല്ലം ജില്ലയുടെ തനത് പൈതൃകവും കലയും സംസ്കാരവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും അംഗങ്ങളുടെ കലാ, കായിക, സാമൂഹിക, സാംസാകാരിക, വിദ്യാഭ്യാസ മേഖലയിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുക, അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുക എന്നിവയാണ് ലക്ഷ്യം.
ഭരണസമിതി രൂപവത്കരണ ചർച്ചയുടെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയുടെ ആറ് താലൂക്കുകളിൽ നിന്നായി 21 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ പ്രാഥമികമായി തെരഞ്ഞെടുത്തു. നിസാർ പള്ളിക്കശ്ശേരിൽ (ജനറൽ കൺവീനർ), ഷിഹാബ് കൊട്ടുകാട് (അഡ്വൈസർ), ആതിര ഗോപൻ (വനിത പ്രതിനിധി), വിവിധ താലൂക്ക് തല പ്രതിനിധികളായ നസീർ അബ്ദുൽ കരീം, ജയൻ മാവിള, ഉണ്ണികൃഷ്ണൻ (കൊല്ലം) ബാലുകുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, ഷൈൻ റഷീദ് (കരുനാഗപ്പള്ളി), ജോസ് കടമ്പനാട്, അബ്ദുൽ സലീം അർത്തിയിൽ, സജീർ സമദ് (കുന്നത്തൂർ), അലക്സ് കൊട്ടാരക്കര, എൻ. മണികണ്ഠൻ, മുനീർ (കൊട്ടാരക്കര), ബിനോയ് മത്തായി, നിസാം കുന്നിക്കോട്, ഷാജു പത്തനാപുരം (പത്തനാപുരം), ഷംനാസ് കുളത്തൂപ്പുഴ, ഷാജഹാൻ, അൻസാരി അലിക്കുട്ടി (പുനലൂർ) എന്നിവരടങ്ങിയതാണ് അഡ്ഹോക്ക് കമ്മിറ്റി. കൂട്ടായ്മയുടെ ഭാഗമാകാൻ താൽപര്യമുള്ള റിയാദ് മേഖലയിൽ ജോലി ചെയ്യുന്ന കൊല്ലം ജില്ലാ നിവാസികൾക്ക് അംഗത്വത്തിനായി 0583847873 എന്ന വാട്സ്ആപ്പ് നമ്പരിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

