ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത് സിപിഎം പ്രമുഖൻ; ആരോപണത്തിന്റെ നിഴലില്‍ മുൻ മന്ത്രിയും; തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കവെ സിപിഎം നേരിടുന്നത് വൻ പ്രതിസന്ധി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് മുൻ എംഎല്‍എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് സിപിഎമ്മിന്റെ സാധാരണക്കാരായ പ്രവർത്തകരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സമയത്താണ് സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗം കൂടിയായ എ പത്മകുമാറിന്റെ അറസ്റ്റ്. കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ വികാരമായ ശബരിമലയില്‍ നിന്നും സ്വർണം അടിച്ചുമാറ്റിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റിലായതിനെ ജനങ്ങള്‍ക്ക് മുമ്ബില്‍ എങ്ങനെ ന്യായീകരിക്കും എന്നതാണ് വാർഡുതലത്തില്‍ പ്രവർത്തിക്കുന്ന സിപിഎം പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരില്‍ സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളത് എൻ വാസുവിന് മാത്രമായിരുന്നു. വാസു പാർട്ടിയുടെ ഉന്നത നേതാവുമായിരുന്നില്ല. എന്നാല്‍, എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുൻ എംഎല്‍എയുമാണ്. അതുകൊണ്ട് തന്നെ സ്ഥിരം ന്യായീകരണങ്ങളൊന്നും കൊണ്ട് കാര്യമില്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

സ്വർണക്കൊള്ളക്കേസില്‍ പ്രധാന ആസൂത്രകൻ എ പത്മകുമാറാണെന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണ സംഘം. 54 വർഷത്തെ രാഷ്ട്രീയ പാരമ്ബര്യമുള്ള നേതാവായ എ പത്മകുമാറിനെതിരെ ഇത്ര വലിയൊരു ആരോപണം ഉയരുമ്ബോള്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഉഴലുകയാണ് സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ ഇന്നലെ തന്നെ വിഷയത്തില്‍ പ്രതികരിച്ചെങ്കിലും ദുർബലമായ പ്രതിരോധമാണ് ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്.

സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണ ഘട്ടം മുതല്‍ പാർട്ടിയില്‍ നിർണായക പങ്കുവഹിച്ചിരുന്ന നേതാവാണ് പത്മകുമാർ. 1991-ല്‍ കോന്നിയില്‍ നിന്ന് എം.എല്‍.എയായി നിയമസഭയില്‍ എത്തി. പിന്നീട് 2019-ല്‍ ദേവസ്വം ബോർഡ് പ്രസിഡന്റായ അദ്ദേഹം, പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്നു. അഴിമതി കേസില്‍ ഈ നേതാവ് തന്നെ കുടുങ്ങിയത് പിണറായി വിജയനും വ്യക്തിപരമായി തിരിച്ചടിയാണ്.

ശബരിമലയിലെ സ്വർണക്കൊള്ള നടന്നത് ദേവസ്വം വകുപ്പിന് മേല്‍നോട്ടം വഹിച്ചിരുന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാലഘട്ടത്തിലാണ്. അതിനാല്‍ തന്നെ തീരുമാനങ്ങള്‍ മന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുകയാണ്. അന്വേഷണം മുൻമന്ത്രിയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക പാർട്ടിക്കുള്ളില്‍ തന്നെ ഉയരുന്നുണ്ട്. എന്നാല്‍ മന്ത്രിക്ക് ബോർഡിന്റെ തീരുമാനം നിയന്ത്രിക്കാൻ അധികാരമില്ലെന്ന നിലപാട് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു.

ഉന്മേഷത്തോടെ യുഡിഎഫ് ക്യാമ്ബ്

എ പത്മകുമാറിന്റെ അറസ്റ്റോടെ എല്‍ഡിഎഫ് ക്യാമ്ബില്‍ അമ്ബരപ്പും നിരാശയും വ്യാപിക്കുമ്ബോള്‍ യുഡിഎഫ് ക്യാമ്ബ് ഉണരുകയാണ്. കൈവിട്ടുപോയ സാധ്യതകളൊക്കെ തിരിച്ചുവരുന്നു എന്ന പ്രതീതി നേതാക്കളിലും കാണാം. അധികാര തർക്കത്തില്‍ ആയിരം ധ്രുവങ്ങളിലായി വിഘടിച്ചു നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം ഉയർത്താനായെങ്കിലും ഒരുമിക്കുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നത്.

spot_img

Related Articles

Latest news