കൊച്ചി: സംസ്ഥാനത്ത് റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ മരിക്കുന്നതിൽ വർധനവ് ആശങ്കയുളവാക്കുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രാലൈൻ വഴി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവരുടെ എണ്ണം 218 ആണ്. ഇതേ കാലയളവിൽ ആകെ 851 കാൽനടയാത്രക്കാരാണ് കേരളത്തിൽ വാഹനമിടിച്ച് മരണമടഞ്ഞത്.
വർധിക്കുന്ന അപകടങ്ങളും കാരണങ്ങളും
ബോധവത്കരണവും പരിശോധനകളും സജീവമാണെങ്കിലും സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്: 2022ൽ 43,910 അപകടങ്ങളിൽ 4,317 മരണം സംഭവിച്ചു. 2023ൽ അപകടങ്ങളുടെ എണ്ണം 48,068 ആയി വർധിച്ചു, മരണസംഖ്യ 4,084 ആയി കുറഞ്ഞു. 2024ൽ അപകടങ്ങൾ 48,834 ആയി വർധിച്ചു, മരണം 3,774 ആയി കുറഞ്ഞു. ഈ വർഷം ഓഗസ്റ്റ് 31 വരെ 32,658 അപകടങ്ങളിൽ 2,408 മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു.
പോലീസിന്റെ വിലയിരുത്തൽ അനുസരിച്ച്, കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗതയുമാണ്. കൂടാതെ, ആവശ്യത്തിന് സീബ്രാലൈനുകൾ ഇല്ലാത്തതും, ഉള്ളവ മാഞ്ഞുപോകുന്നതും കാൽനടയാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സിഗ്നൽ സംവിധാനങ്ങൾ കുറയ്ക്കുന്നതും, ദേശീയപാതകളിൽ പോലും കാൽനടയാത്രക്കാർക്കായി സിഗ്നൽ സംവിധാനങ്ങൾ പരിമിതപ്പെടുത്തുന്നതും കാൽനടയാത്രയെ കൂടുതൽ അപകടകരമാക്കുന്നു.
Mediawing:

