വെള്ളമുണ്ട: ഭരണകൂട ഭീകരതക്കിരയായി കൊലചെയ്യപ്പെട്ട നക്സല്‍ നേതാവ് വര്‍ഗീസിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വീട് ഇനി വിപ്ലവസ്മരണയുടെ മ്യൂസിയമായി ഉണരും. വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാറിെന്റ തീരുമാനം വന്നതോടെയാണ് പഴയ തറവാട് വീട് ഡോക്യുമെേന്റഷന്‍ സെന്ററാക്കി മാറ്റുന്നതിനുള്ള നീക്കം കുടുംബം ആരംഭിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരെയും ട്രസറ്റ് അംഗങ്ങളെയും വിളിച്ചുകൂട്ടി വീട് പുതുക്കിപ്പണിത് സെന്റര്‍ തുടങ്ങുന്നതിനുള്ള നീക്കം നടത്തുമെന്ന് വര്‍ഗീസിന്റെ പിതൃസഹോദരന്റെ മകന് അഡ്വ. വര്‍ഗീസ് പറഞ്ഞു. നീണ്ട 51 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് തീരുമാനിക്കുന്നത്. ഈ തുകയില്‍ ഒരു ഭാഗമാണ് സെന്ററിനായി ചെലവഴിക്കുക.
വെള്ളമുണ്ട ഒഴുക്കന്‍ മൂലയിലാണ് തറവാട് വീട്. തിരുനെല്ലി കൂമ്പാര കൊല്ലിയിലെ വര്‍ഗീസ് പാറയും വെള്ളമുണ്ടയിലെ ശവകുടീരവും ചരിത്രസംഭവത്തിന് സാക്ഷിയായി ഈ വീടിനൊപ്പം നിലനില്ക്കുന്നു. വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങളുടെ ചരിത്രത്തിന് അരനൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഭരണകൂടം ഒരു ഏറ്റുപറച്ചിലായി നഷ്ടപരിഹാരം നല്‍കുന്നത്. സാമൂഹിക നീതിക്കായി പടപൊരുതിയ അടിയോരുടെ പെരുമനെ ബന്ധുക്കളും സുഹൃത്തുക്കളും മറക്കാതെ ഓര്‍ത്തെടുക്കുകയാണ്.
ജന്മികളുടെ ചൂഷണത്തിനും വഞ്ചനക്കുമെതിരെ വയനാട്ടില്‍ നടന്ന ആദ്യ കലാപമായാണ് നക്സല്‍ പോരാട്ട ചരിത്രം വിലയിരുത്തപ്പെടുന്നത്. 1970 ഫെബ്രുവരി 18ന് സന്ധ്യയോടെയാണ് വര്‍ഗീസ് രക്ത സാക്ഷിയാവുന്നത്. ഏറ്റുമുട്ടലില്‍ വര്‍ഗീസ് മരിച്ചു എന്ന വാര്‍ത്തയാണ് പൊലീസ് പുറത്തുവിട്ടത്. കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന് നായര്‍ വര്‍ഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് 1998ല്‍ വെളിപ്പെടുത്തി. അതോടെ, ചരിത്രത്തിെന്റയും ഗതി മാറി. അന്നത്തെ ഡിവൈ.എസ്.പി പി. ലക്ഷ്മണയും ഐ.ജി. വിജയനും നിര്‍ബന്ധിച്ചിട്ടാണ് ഈ കൃത്യം നടത്തിയത് എന്നായിരുന്നു രാമചന്ദ്രന് നായരുടെ വാദം. സി.ബി.ഐ അന്വേഷണത്തില്‍ ലക്ഷ്മണയും വിജയനും കുറ്റക്കാരാണെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.