ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പ് കേസ് പ്രതി വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുകെ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാവുമെന്ന നീരവ് മോദിയുടെ വാദങ്ങള്‍ തള്ളിയാണ് കോടതി ഉത്തരവ്.
അദ്ദേഹത്തിനെതിരേ മതിയായ തെളിവുണ്ടെന്നും ഇന്ത്യയ്ക്കു കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണെന്നും ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോവാന്‍ അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 2019 മാര്‍ച്ചിലാണ് നീരവ് മോദി അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലില്‍ കഴിയുകയാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരായത്. നീരവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.