എടവണ്ണ: ഓട്ടോറിക്ഷ ഡ്രൈവറായ ഒതായി മനാഫിന്റെ കൊലപാതകത്തിൽ മുൻ എംഎൽഎ പി.വി. അൻവറിന്റെ സഹോദരി പുത്രൻ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
അതേസമയം, മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്പൂർ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീർ എന്നിവരാണ് കുറ്റവിമുക്തരായത്. പ്രധാന സാക്ഷിയുടെ കൂറുമാറ്റത്തെ തുടർന്ന് മുൻപ് പി.വി. അൻവർ അടക്കം 21 പ്രതികൾ കേസ് നിന്നും ഒഴിവാക്കിയിരുന്നു.
1995 ഏപ്രിൽ 13-ന് ഒതായി അങ്ങാടിയിൽ രാവിലെ 11.30-ഓടെ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ദീർഘകാലം ഒളിവിലായിരുന്ന പ്രതികളെ മനാഫിന്റെ സഹോദരന്റെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പിടികൂടിയത്.

