ദില്ലി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. എക്കാലത്തെയും താഴ്ന്ന നിലയായ 89.73 ലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം. രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 89.49 എന്ന ഇടിവിനേക്കാൾ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. യുഎസ്-ഇന്ത്യ വ്യാപാര കരാർ എങ്ങുമെത്താതും വ്യാപാര കമ്മി കുത്തനെ വർദ്ധിക്കുന്നതും വിദേശ നിക്ഷേപകരുടെ വൻതോതിലുള്ള ഒഴുക്കും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായെന്ന് വിദഗ്ധർ പറയുന്നു.
വിദേശ നിക്ഷേപകർ ഇതുവരെ ഇന്ത്യൻ ഇക്വിറ്റികളിൽ നിന്ന് 16 ബില്യൺ ഡോളറിലധികം പിൻവലിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി എക്കാലത്തെയും ഉയർന്ന നിലയിലുമാണ്. കഴിഞ്ഞ മാസം യുഎസ്, ഇന്ത്യ ചർച്ചകൾ നടന്നപ്പോൾ ഇന്ത്യൻ കയറ്റുമതിക്കുള്ള ഉയർന്ന താരിഫ് ഉടൻ കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും ഒരു വ്യക്തമായ കരാറിന്റെ അഭാവം രൂപയുടെ മൂല്യത്തെ കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന.
സെപ്റ്റംബറിൽ ആർബിഐ വിദേശനാണ്യ വിപണിയിൽ 7.91 ബില്യൺ ഡോളറിന്റെ അറ്റ വിൽപ്പന നടത്തിയതായി ഏറ്റവും പുതിയ ആർബിഐ ഡാറ്റ കാണിക്കുന്നു. ഇന്ത്യ യുഎസുമായി ഒരു വ്യാപാര കരാറിൽ ഒപ്പുവച്ചുകഴിഞ്ഞാൽ രൂപയുടെ സമ്മർദ്ദം കുറയുമെന്ന് അടുത്തിടെ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു
Mediawings:

