തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ പീഡന പരാതി പൊലീസിന് കെെമാറി കെപിസിസി നേതൃത്വം.പൊലീസ് മേധാവിക്കാണ് പരാതി കെെമാറിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാതി കെെമാറിയ കാര്യം നേതൃത്വം യുവതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കാണ് ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് ഇമെയില്‍ വഴി പരാതി നല്‍കിയത്. ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയത്. എന്നാല്‍ നിയമനടപടിക്ക് തയ്യാറല്ലെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും പരാതിയില്‍ യുവതി പറയുന്നു. ഗർഭിണിയാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കി. ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും തിരികെകൊണ്ടുവന്നതും ഫെന്നി നെെനാൻ ആണെന്നും യുവതി പറഞ്ഞു.
‘2023ലാണ് രാഹുലിനെ പരിചയപ്പെടുന്നത്. ടെലിഗ്രാം നമ്ബർ വാങ്ങി അതുവഴിയായിരുന്നു ചാറ്റിംഗ്. ബന്ധുക്കളുമായി വീട്ടിലെത്തി വിവാഹത്തെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് നാട്ടിലെത്തിയപ്പോള്‍ കാണാൻ വന്നു. രാഹുലും ഒരു സുഹൃത്തുമാണ് അന്ന് വന്നത്. പിന്നാലെ കാറില്‍ കയറ്റി ഹോംസ്റ്റേയില്‍ എത്തിക്കുകയും അവിടെവച്ച് ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു. ശേഷം വിവാഹം കഴിക്കാൻ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്നിട്ടും ചാറ്റ് ചെയ്യുന്നത് തുടർന്നു. നിന്നെ എനിക്ക് ഗർഭിണിയാക്കണമെന്നാണ് രാഹുല്‍ ആവർത്തിച്ച് പറഞ്ഞത്. ശേഷവും പലതവണ അതിക്രമം നടത്താൻ ശ്രമിച്ചു’- പരാതിയില്‍ പറയുന്നു.

