കൊച്ചി | ലൈംഗിക പീഡനം, ഗര്‍ഭച്ഛിദ്ര കേസുകളില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ആദ്യ കേസില്‍ ആണ് അറസ്റ്റ് തടഞ്ഞത്.
ഡിസംബര്‍ 15 ന് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മറ്റു കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ 15 വരെ രാഹുലിന് ഒളിവില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ലെന്നാണ് സൂചന. ഒളിവില്‍ കഴിയുന്ന രാഹുലിന് അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നിര്‍ദ്ദേശം എത്രമാത്രം ആശ്വാസം പകരും എന്ന കാര്യത്തില്‍ സംശയമുണ്ട്.
ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. രണ്ടാമത്തെ പീഡനക്കേസില്‍ അറസ്റ്റിനു വിലക്കില്ലാത്തതിനാല്‍ ഒളിവില്‍ കഴിയുന്ന രാഹുലിനായി പോലീസ് തിരച്ചില്‍ തുടരും.
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ, രണ്ടാമത്തെ കേസിലും രാഹുല്‍ കോടതിയില്‍ അതിവേഗ നീക്കം നടത്തി. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി.

