ദുബൈ :-മരണാനന്തര നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ‘ജാബിർ’ എന്ന പേരിലാണ് സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാൻ ‘ജാബിർ’ പ്ലാറ്റ്ഫോം സഹായകമാവും.
മരണാനന്തരം രേഖകൾക്കായി ബന്ധുക്കൾ ഒന്നിലധികം ഓഫിസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. ‘ജാബിർ’ പ്ലാറ്റ്ഫോമിൽ മരണം രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പ്രത്യേകം നിയോഗിക്കപ്പെട്ട സർക്കാർ ഓഫിസർ ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തിലൂടെ ബന്ധുക്കൾക്ക് വേണ്ടി മുഴുവൻ നടപടികളും പൂർത്തിയാക്കുമെന്നതാണ് സംവിധാനത്തിന്റെ സവിശേഷത. ഇതോടെ പുറത്തു നിന്നുള്ളവരുടെ സഹായമോ ഇടപടലുകളോ ഇല്ലാതെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ സാധിക്കും.

