കൊച്ചി: എലപ്പുള്ളി ബ്രൂവറിയില്‍ സംസ്ഥാന സർക്കാർ ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി.നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വരുന്നതുമായി ബന്ധപ്പെട്ടാണ് ഒയാസിസ് കമ്ബനിക്കെതിരെ പ്രതിഷേധം ഉയർന്നത്.
വിശദമായ പഠനം നടത്താതെ പ്രാഥമികാനുമതി നല്‍കിയത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2008-ലെ തണ്ണീർത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നല്‍കിയത്. ജലക്ഷാമവും മലിനീകരണപ്രശ്‌നങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. ഇത് അവഗണിച്ച് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ബ്രൂവറി നിർമ്മിക്കുന്നതിനായി എലപ്പുള്ളിയില്‍ 26 ഏക്കർ സ്ഥലമാണ് ഒയാസിസ് കമ്ബനി വാങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രാമസഭകളും ചേർന്നിരുന്നു. എന്നാല്‍ ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്‌ക്ക് ഗുണംചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.
ബ്രൂവറി പ്രാബല്യത്തില്‍ വരുന്നതില്‍ ശക്തമായ എതിർപ്പ് സിപിഐയും ആർജെഡിയും അറിയിച്ചിരുന്നു. പദ്ധതി നിഗൂഢമാണെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

