തിരുപ്പിറവിയുടെ ഓർമയിൽ ഇന്ന് ക്രിസ്മസ്
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമയിൽ ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ലിയോ പതിനാലാമൻ മാർപാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിര കുർബാനക്കും കാർമികത്വം വഹിച്ചു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് ആൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞുവെച്ച ഉണ്ണിയേശുവിന്റെ രൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചതരോടും ദരിദ്രരോരും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു
സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിൽ രണ്ട് വർഷത്തിന് ശേഷമാണ് ക്രിസ്മസ് ആഘോഷം നടക്കുന്നത്. ഗാസ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ തവണ ക്രിസ്മസ് ആഘോഷമുണ്ടായിരുന്നില്ല.

