ആലുവ: അൽ ഹിന്ദ് ഗ്രൂപ്പ് വഴി 2019-ൽ ഹജ്ജ് കർമ്മം നിർവഹിച്ച ഹാജിമാരുടെയും ഹജ്ജുമ്മമാരുടെയും അഞ്ചാമത് സംസ്ഥാനതല സംഗമം ആലുവ പെരിയാറിന്റെ തീരത്തുള്ള അൻസാർ മസ്ജിദ് ഹിറ ഓഡിറ്റോറിയത്തിൽ നടത്തി. വ്യവസായ നഗരമായ ആലുവയിൽ സംഘടിപ്പിച്ച സംഗമം ഹൃദയസ്പർശിയായ ആത്മീയ കൂട്ടായ്മയായി മാറി.
ഹാജിമാർക്കും ഹജ്ജുമ്മമാർക്കും ഹജ്ജിന്റെ സ്മരണകൾ പുതുക്കിപ്പിടിക്കാനും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും സംഗമം അവസരമായി. അമീറായിരുന്ന മജീദ് ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സെഷനിൽ ആലുവ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഉസ്താദ് വി.എച്ച്. അലിയാർ ഖാസിമി പ്രൗഢഗംഭീരമായ പ്രഭാഷണം നടത്തി. ആറു വർഷങ്ങൾക്ക് മുൻപ് നിർവഹിച്ച ഹജ്ജിന്റെ ഓർമ്മകൾ നിലനിർത്തി ഇത്തരം ആത്മീയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന സംഘത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും, മരണംവരെ ഈ ഐക്യം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ടി.എം. അബ്ബാസ് ഹാജി (കളമശ്ശേരി) അധ്യക്ഷത വഹിച്ചു. കൺവീനർ ടി.എം. അബ്ബാസ് ഹാജി (ആലുവ) സ്വാഗതവും, അമ്പലപ്പുഴ ഇബ്രാഹിംകുട്ടി ഹാജി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ അമീറന്മാരായ മജീദ് മുസ്ലിയാർ, ഷിഹാബുദ്ദീൻ ബാഖവി, അഷ്റഫ് മുസ്ലിയാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ. എ. മുഹമ്മദ് ഹാജി (കൊടുവള്ളി), യൂസുഫ് മാസ്റ്റർ (കാക്കനാട്), പി.കെ.സി. മുഹമ്മദ് മാസ്റ്റർ (കാരശ്ശേരി), അഡ്വ. മുഹമ്മദ് സാജിദ് ഹാജി (കൊയിലാണ്ടി), അൽ ഹിന്ദ് പ്രതിനിധി അൻവർ (പെരുമ്പാവൂർ) എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന ആത്മീയ സെഷനിൽ ഷിഹാബുദ്ദീൻ ബാഖവി ഉസ്താദ് പ്രഭാഷണവും പ്രാർത്ഥനയും നടത്തി.
നിസ്കാരത്തിനും ഉച്ചഭക്ഷണത്തിനും ശേഷം നടന്ന സൗഹൃദ സെഷൻ ബഹു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് ഹാജി (മഞ്ചേരി) സ്വാഗതം പറഞ്ഞു. എ. മൊയ്തീൻ മാസ്റ്റർ (മണ്ണാർക്കാട്) അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നെത്തിയ നിരവധി ഹാജിമാർ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു.
ഹജ്ജുമ്മമാരുടെ പരസ്പര സ്നേഹവും സൗഹൃദ സംഭാഷണങ്ങളും സംഗമത്തിന് പ്രത്യേക ഭംഗി പകർന്നു. സമാപന പ്രസംഗവും പ്രാർത്ഥനയും അഷ്റഫ് ഉസ്താദ് നിർവഹിച്ചു. സി.കെ. അബ്ദുൽ ലത്വീഫ് ഹാജിയുടെ നന്ദി പ്രകാശനത്തോടെ വൈകിട്ട് 4.15ന് സംഗമം സമാപിച്ചു.

