റിയാദ്:പ്രവാസി കുട്ടികളുടെ കലാപ്രതിഭയ്ക്ക് വർണ്ണാഭമായ വേദിയൊരുക്കി കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി യും അൽ വഫ ഷോലാ മാൾ ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ആറാമത് “ഒ.ഐ.സി.സി–അൽ വഫ ഷോല മാൾ കളർ ഫെസ്റ്റ് 2025” വിജയികളെ പ്രഖ്യാപിച്ചു. റിയാദിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത വർണ്ണമത്സരം, കുട്ടികളുടെ സൃഷ്ടിപരമായ ചിന്തയും കലാപാടവവും നിറഞ്ഞ പ്രകടനങ്ങളാൽ ശ്രദ്ധേയമായി.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ, ഓരോ വിഭാഗത്തിലും കുട്ടികൾ അവതരിപ്പിച്ച ചിത്രങ്ങൾ വർണ്ണസൗന്ദര്യവും ആശയവൈവിധ്യവും കൊണ്ടു വിധികർത്താക്കളുടെയും കാണികളുടെയും പ്രശംസ നേടി. പ്രവാസി സമൂഹത്തിലെ പുതിയ തലമുറയുടെ കലാസൃഷ്ടികൾക്ക് ശക്തമായ പ്രോത്സാഹനം നൽകുന്ന വേദിയായി കളർ ഫെസ്റ്റ് മാറിയതായും സംഘാടകർ വ്യക്തമാക്കി.
കിഡ്സ് വിഭാഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഹിസ നവീൻകുമാർ ഒന്നാം സ്ഥാനവും, യാര സ്കൂളിലെ മഹിറ സദഫ് രണ്ടാം സ്ഥാനവും, ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ ആൻഡ്രി ജാസൺ മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ യാര സ്കൂളിലെ മൈമൂന റിദ ഒന്നാം സ്ഥാനവും, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫർനാസ് ഫാത്തിമ ഖാൻ രണ്ടാം സ്ഥാനവും, യാര സ്കൂളിലെ മഹിറ അനാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഹനാൻ കെ.കെ ഒന്നാം സ്ഥാനവും, ഗൗരിനാഥ് ശ്രീജിത്ത് (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും, യാര സ്കൂളിലെ ജെസ് വിൻ അന്ന നിഷാന്ത് മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ അൽ യാസ്മീൻ സ്കൂളിലെ അഖിഷാദ് മജേഷ് ഒന്നാം സ്ഥാനവും, യാര സ്കൂളിലെ ഹിബ സുബൈർ രണ്ടാം സ്ഥാനവും, ആഷിഖ നിഷിത്ത് മൂന്നാം സ്ഥാനവും നേടിയതായി സംഘാടകർ അറിയിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും അൽ വഫ ഷോല മാൾ ഹൈപ്പർ മാർക്കറ്റ് നൽകുന്ന സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ലാപ്‌ടോപ്പ്, ടാബ് എന്നിവയും സമ്മാനങ്ങളായി നൽകും. കൂടാതെ, ബെസ്റ്റ് പെർഫോമറായി തെരഞ്ഞെടുക്കപ്പെട്ട ഹനാൻ കെ.കെക്ക് ഗൾഫ് എയർ നൽകുന്ന വൺവേ വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതോടൊപ്പം, ഓരോ വിഭാഗത്തിലെയും മികച്ച രചനകൾക്ക് കൺസലേഷൻ പ്രൈസുകളും നൽകും.
പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവൻ സാമ്പത്തിക സഹായവും കോഴിക്കോട് ജില്ല ഒ.ഐ.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി നിർമ്മിച്ച് നൽകുന്ന “ഇന്ദിരാജി സ്നേഹഭവന” പദ്ധതിക്കായി പൂർണ്ണമായും വിനിയോഗിക്കും. പ്രവാസി കുട്ടികളുടെ കലാസൃഷ്ടികൾക്ക് വേദിയൊരുക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുക എന്ന സാമൂഹിക ദൗത്യമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒ.ഐ.സി.സി നേതാക്കളും അൽ വഫ ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളും അറിയിച്ചു.
കലയും കാരുണ്യവും ഒരുമിച്ച് കൈകോർക്കുന്ന ഈ സംരംഭം പ്രവാസി സമൂഹത്തിന് അഭിമാനകരമായ മാതൃകയാണെന്നും, വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ കളർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.

