ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന് നാളെ സമ്മാനിക്കും

ആലപ്പുഴ : സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം നാളെ കായംകുളത്ത് കേരളയാത്രാ സ്വീകരണ സമ്മേളന വേദിയില്‍ വെച്ച് എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡന്റുമാരായ അഡ്വ. സി കെ വിദ്യാസാഗര്‍, ഗോകുലം ഗോപാലന്‍, യോഗം മുന്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എസ് ചന്ദ്രസേനൻ,ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ അഡ്വ. വി ആര്‍ അനൂപ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിവിധ സാമുദായിക-രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. പിന്നാക്ക ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം, സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌കാരമാണ് കാന്തപുരം മുന്നോട്ടു വെക്കുന്നത്. ഗുരുചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ‘ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരത്തിന്’ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേര് നിര്‍ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് അഡ്വ. സി കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എം പി. സി ഹരിദാസ്, ഡോ. രാജേഷ് കോമത്ത് (പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, എം ജി യൂണിവേഴ്‌സിറ്റി) എന്നിവര്‍ അംഗങ്ങളുമായ ജൂറി അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news