ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ ജീവനൊടുക്കുകയോ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം സംഭവങ്ങള്‍ ഉടന്‍ പോലിസിനെ അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഐഐടി ഡല്‍ഹിയിലെ രണ്ടു പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് അടിയന്തര വൈദ്യസഹായവും മാനസിക പിന്തുണയും ക്യാംപസിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുജിസിക്കും മറ്റു നിയന്ത്രണ, റഗുലേറ്ററി സ്ഥാപനങ്ങള്‍ക്കും കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ധിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

