25 സെന്റ് വരെയുള്ള ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കാമെന്ന് റവന്യു വകുപ്പ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 27 (എ) പ്രകാരമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വ്യാഴാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലറിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 2017 ഡിസംബര്‍ 30 വരെ ഒന്നായ ഭൂമി, അതിന് ശേഷം തിരിച്ച് 25 സെന്റോ അതിനു താഴെയോ വിസ്തീര്‍ണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കില്‍ അവക്ക് ഈ സൗജന്യം ബാധകമല്ല. അവ ഒന്നായി കണക്കാക്കിയാണ് ഫീസ് ഈടാക്കേണ്ടതെന്ന് റവന്യൂ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്ന വ്യത്യാസമില്ലാതെ ഫെയര്‍ വാല്യുവിന്റെ 20 ശതമാനം ആയിരിക്കും ഫീസ് നിരക്ക്. തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിര്‍മാണത്തിന് നിലവിലെ നിരക്ക് തുടരും. മേല്പറഞ്ഞ ഭേദഗതിക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്ക് പരിശോധിച്ച് ഉറപ്പുവരുത്താതെ നികത്തിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതി ജനുവരി എട്ടിന് ഇടക്കാല ഉത്തരവ് വഴി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ പരാമര്ശപ്രകാരമുള്ള നിരീക്ഷണത്തിന്റെയും പൊതുജനത്തിന്റെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. 27 (എ)യില്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ ഉടമസ്ഥന് വീടുവെക്കാനോ വാണിജ്യാവശ്യങ്ങള്‍ക്കോ ആ ഭൂമി വിനിയോഗിക്കാന്‍ ആഗ്രഹിച്ചാലുള്ള നടപടിക്രമങ്ങളാണ് വിശദീകരിക്കുന്നത്. ഇത്തരം അപേക്ഷകളില്‍ റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ക്കോ വില്ലേജ് ഓഫിസര്‍ക്കോ അപേക്ഷകളിലുള്ള റിപ്പോര്‍ട്ട് പരിഗണിച്ചശേഷം യുക്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്ന് 2018ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.