കൽപ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെ (18) കോടതി റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോവുകയും ചികിത്സയിലാണെന്ന വ്യാജേന ആശുപത്രിയിൽ അഭയം തേടുകയും ചെയ്ത പ്രതിയെ പോലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന തരത്തിൽ നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നെങ്കിലും വിശദമായ പരിശോധനയിൽ നാഫിക്ക് 18 വയസ്സ് കഴിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച കൽപ്പറ്റ മെസ് ഹൗസ് റോഡിൽ വെച്ചായിരുന്നു നാഫിയുടെ നേതൃത്വത്തിൽ കൗമാരക്കാരന് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായത്. മോശം വാക്ക് വിളിച്ചെന്നാരോപിച്ച് കുട്ടിയെ നിലത്തിട്ട് മുഖത്തുൾപ്പെടെ ചവിട്ടുകയും മർദിക്കുകയും ചെയ്തിരുന്നു. അടിയേറ്റ കുട്ടി പ്രതികളുടെ കാലുപിടിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ഈ വീഡിയോ പുറത്തുവന്നതോടെ പോലീസ് സ്വമേധയാ ഇടപെടുകയും കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. മർദനവിവരം കുട്ടി വീട്ടിൽ പറയാതിരുന്നതിനാൽ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് രക്ഷിതാക്കൾ സംഭവം അറിഞ്ഞത്. ഇതേത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
അറസ്റ്റ് ഭയന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന നാഫിയെ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഉടനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിയെ നേരത്തെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയിരുന്നു. ഇയാളെ നിലവിൽ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. പ്രതിയായ നാഫി മുൻപും സമാനമായ രീതിയിൽ മറ്റൊരു കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

