മുക്കം:ഇസ്രായേലിലേക്ക് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ, എഡ്യൂക്കേഷൻ കൺസൾട്ടൻസിക്ക് മുന്നിൽ യുവാവ് കയ്യിൽ പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കി. പേരാമ്പ്ര മുതുകാട് സ്വദേശിയായ ജോഷിയാണ് മുക്കം ടൗണിലെ “ഗ്രേസ് എജു കൺസൾട്ടൻസി” എന്ന സ്ഥാപനത്തിന് മുന്നിൽ ഇന്നലെ പ്രതിഷേധവുമായി എത്തിയത്.
വിസയ്ക്കായി ഏജൻസി അഞ്ചര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിൽ പലതവണകളായി 3.35 ലക്ഷം രൂപ കൈമാറിയതായും അതിന്റെ ചെക്ക് ഏജൻസിക്ക് നൽകിയതായും ജോഷി പറഞ്ഞു. ഇതിന് പുറമേ മെഡിക്കൽ പരിശോധനകൾക്കും മറ്റ് നടപടികൾക്കുമായി ഏകദേശം ഒന്നര ലക്ഷം രൂപ അധികമായി ചെലവായതായും യുവാവ് വ്യക്തമാക്കി.
എന്നാൽ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെയും പണം തിരികെ നൽകാതെയും ഏജൻസി തങ്ങളെ വഞ്ചിച്ചുവെന്നാണ് ആരോപണം.
ജോഷിക്ക് പുറമെ നിരവധി പേർ ഇതേ ഏജൻസിയുടെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്നും പരാതിയുണ്ട്. കണ്ണൂരിൽ നിന്നെത്തിയ വിദ്യ രാജൻ 1.10 ലക്ഷം രൂപയും, ജിനു ജിജോ 2.40 ലക്ഷം രൂപയും നൽകിയതായും, പേരാമ്പ്ര സ്വദേശിയായ റെനീഷ് അടക്കമുള്ളവരും പണം കൈമാറിയതായും പറയുന്നു. പണം തിരികെ നൽകാമെന്ന് പലതവണ പറഞ്ഞ് സമയം നീട്ടുകയാണെന്നും ഇവർ ആരോപിച്ചു.
സംഭവസ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇടപെട്ട് യുവാവിനെ അനുനയിപ്പിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

