സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രായോഗിക തലത്തിലേയ്ക്ക്: ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ നാല് തസ്തികകളില്‍ ഇനി വിദേശികളെ പരിഗണിക്കില്ല; സൗദി പൗരന്മാര്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങള്‍ ഉറപ്പാക്കാൻ നീക്കം

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നാല് പ്രധാന ജോലി തസ്തികകളിലേയ്ക്ക് കൂടി വിദേശികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.ജനറല്‍ മാനേജർ, സെയില്‍സ് റെപ്രസന്റേറ്റീവ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെന്റ് മാനേജർ എന്നീ തസ്തികള്‍ക്കാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിർദ്ദേശം ജനുവരി 29 മുതല്‍ നിലവില്‍ വന്നു. തൊഴില്‍ സേവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമായ ‘ഖിവ’ (Qiwa) യില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.. വിഷൻ 2030-ന്റെ ഭാഗമായി സ്വദേശികള്‍ക്ക് കൂടുതല്‍ ഉയർന്ന തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനാണ് സൗദി ഭരണകൂടം സ്വദേശിവല്‍ക്കരണ നീക്കം വ്യാപകമാക്കുന്നത്.

ജനറല്‍ മാനേജർ തസ്തിക ഇനി മുതല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വിദേശികള്‍ക്ക് ഇനി ഈ തസ്തികയിലേക്ക് മാറാനോ പുതിയ വിസ ലഭിക്കാനോ സാധിക്കില്ല. സെയില്‍സ് റെപ്രസന്റേറ്റീവ് മേഖലയിലും സ്വദേശിവല്‍ക്കരണ ശതമാനം വർധിപ്പിച്ചു. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് തസ്തിക ഉള്‍പ്പെടുന്ന മാർക്കറ്റിങ് മേഖലയില്‍ 60% സ്വദേശിവല്‍ക്കരണം നിർബന്ധമാക്കി. വിതരണ ശൃംഖലയുടെ മേല്‍നോട്ടം സ്വദേശികള്‍ക്ക് നല്‍കുന്നതിനായി പ്രൊക്യൂർമെന്റ് മാനേജർ തസ്തികയിലും നിയന്ത്രണം വന്നു.

നിലവില്‍ ജനറല്‍ മാനേജർ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളോട് തസ്തിക മാറ്റാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബിസിനസ്സ് രജിസ്ട്രിയിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍ അവർക്ക് സിഇഒ അല്ലെങ്കില്‍ ‘ചെയർമാൻ’ തുടങ്ങിയ തസ്തികകളിലേക്ക് മാറാവുന്നതാണ്. എന്നാല്‍ ഇതിന് കർശനമായ പരിശോധനകള്‍ ഉണ്ടാകും.

മാർക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളില്‍ 60 ശതമാനം പേർ സൗദി പൗരന്മാരായിരിക്കണം. സ്വദേശിവല്‍ക്കരണ ക്വട്ടയില്‍ ഉള്‍പ്പെടണമെങ്കില്‍ സെയില്‍സ്/മാർക്കറ്റിങ് ജീവനക്കാർക്ക് കുറഞ്ഞത് 5,500 റിയാലും, എഞ്ചിനീയറിങ്/സാങ്കേതിക തസ്തികയിലുള്ളവർക്ക് 8,000 റിയാലും മാസ ശമ്പളം നല്‍കണമെന്നും നിർദ്ദേശമുണ്ട്.

spot_img

Related Articles

Latest news