സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി പുറത്തേക്ക്; പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം

കൊല്ലം:ശബരിമല സ്വർണക്കൊള്ള കേസിൽ
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ ഇന്നു വൈകുന്നേരം തന്നെ പോറ്റി പുറത്തിറങ്ങും. കട്ടിളപ്പാളി കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് പോറ്റി അർഹനായിരുന്നു.

ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ എസ്പെഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്നു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ മുൻ അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറഇന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43-ാം ദിവസം കോടതി ജാമ്യം നൽകിയിരുന്നു.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റപത്രം വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണത്തിനായുള്ള ഹർജികൾ പരിഗണിക്കവേയായിരുന്നു ഇത്.
ഹർജികൾ മാർച്ച് 13ലേക്കു മാറ്റി.

90 ദിവസത്തിനുശേഷം പ്രതികൾക്കു ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നു കരുതുന്നില്ല. തിടുക്കത്തിൽ കുറ്റപത്രം നൽകിയാൽ വിചാരണയ്ക്കു മുൻപേ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. കാത്തിരിക്കൂ എന്നും കോടതി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവർ നൽകിയ ഹർജികളാണു പരിഗണനയിലുള്ളത്.

spot_img

Related Articles

Latest news