വിസ്ഡം യൂത്ത് ‘അൽ റിഹ്‌ല’ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു.

ദമ്മാം: വിസ്ഡം യൂത്ത് ദമ്മാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘അൽ റിഹ്‌ല’ എന്ന പേരിൽ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം എയർപോർട്ട് പരിസരത്തുള്ള ഡെസേർട്ട് ക്യാമ്പിൽ വെച്ച് നടന്ന പരിപാടിയിൽ ദമ്മാമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം യുവാക്കൾ സജീവമായി പങ്കെടുത്തു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം പ്രസിഡൻ്റ് ഫൈസൽ കൈതയിൽ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി യുവാക്കൾക്കിടയിൽ ക്രിയാത്മകമായ മാറ്റങ്ങൾ ലക്ഷ്യമിട്ടും, വിനോദത്തോടൊപ്പം വിജ്ഞാനവും ആത്മീയ ബോധവും പകർന്നു നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഭാഗമായി വിവിധങ്ങളായ പഠന-വിനോദ പരിപാടികൾ അരങ്ങേറി. ആത്മീയ ശുദ്ധീകരണത്തിന് ഊന്നൽ നൽകിയുള്ള ‘തസ്കിയത്ത്’ സെഷൻ, സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നടന്ന സംവാദങ്ങൾ, വിജ്ഞാനപ്രദമായ ക്വിസ് മത്സരങ്ങൾ എന്നിവ പ്രതിനിധികൾക്ക് പുത്തൻ അനുഭവമായി. മരുഭൂമിയുടെ പശ്ചാത്തലത്തിൽ സൗഹൃദം പങ്കിട്ടുകൊണ്ട് നടന്ന ക്യാമ്പ് ഫയറും ഇസ്ലാമിക് ഫൺ റൈഡ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളും ക്യാമ്പിന്റെ ആകർഷണമായിരുന്നു.
വിസ്ഡം യൂത്ത് സെക്രട്ടറിയേറ്റ് പ്രസിഡന്റ് മൂസ കരമന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉസാമ ഫൈസൽ മദീനി സ്വാഗതം ആശംസിച്ചു. അഹമ്മദ് ഖുർആൻ പാരായണവും, ആസാൻ കാസർഗോഡ് ക്യാമ്പ് ഫയർ സെഷനും നിർവ്വഹിച്ചു. ഡിബേറ്റ് സെഷന് അബ്ദുൾ റഹ്മാൻ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ അഷ്ഫാഖ്, യസീദ്, നവാഫ് എന്നിവർ വിതരണം ചെയ്തു.
പരിപാടികൾക്ക് അബ്ദുൾ സമദ് കൊല്ലം നന്ദിയും പ്രാർത്ഥനയും നിർവ്വഹിച്ചു. രുചികരമായ ഭക്ഷണവും വിജ്ഞാനവും ആവേശകരമായ വിനോദങ്ങളും കോർത്തിണക്കിയ ‘അൽ റിഹ്‌ല’ ദമ്മാമിലെ പ്രവാസി യുവതയ്ക്ക് അവിസ്മരണീയമായ അനുഭവമായി മാറി.

spot_img

Related Articles

Latest news