സൗഹൃദം പുതുക്കി അമേരിക്കയും സൗദി അറേബ്യയും
റിയാദ്/വാഷിംങ്ടണ്‍ : സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടി ചര്‍ച്ച നടത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡനെ രാജാവ് അഭിനന്ദിച്ചു.
കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യപാരം, സാമ്പത്തികം, വികസന പങ്കാളിത്തം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. മേഖലയിലെ നാവിക മേഖലയില്‍ ഇറാന്റെ നിലപാടുകള്‍, നാവിക പാത അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ എന്നിവയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു ,
യമനിലെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ നല്‍കിയ പിന്തുണയെ ബൈഡന്‍ അഭിനന്ദിച്ചു. യമനില്‍ സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനും യമന്‍ ജനതയ്ക്ക് സുരക്ഷയും വികസനവും കൈവരിക്കാനും രാജ്യം ആഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചു. ഉഭയകക്ഷി ബന്ധം കഴിയുന്നത്ര ശക്തവും സുതാര്യവുമാക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് സല്‍മാന്‍ രാജാവിന് ഉറപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.