വടക്കന്‍ മേഖല ജാഥ ഫലപ്രദമായില്ലെന്ന് വിലയിരുത്തല്‍
ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യും.
സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആര്‍ക്കൊക്കെ ഇളവ് നല്‍കണം എന്നതും യോഗം ചര്‍ച്ച ചെയ്യും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി നടത്തിയ വികസന മുന്നേറ്റ ജാഥയെ സംബന്ധിച്ചും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്.
അതിനിടെ, അസുഖം മൂലം അവധി എടുത്ത് മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരികെ പ്രവേശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോടിയേരി പാര്‍ട്ടി തലപ്പത്തേക്ക് വരണമെന്ന് പാര്‍ട്ടിക്കകത്ത് പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ എ വിജയരാഘവന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും.