മുക്കം: തോട്ടുമുക്കത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മരഞ്ചാട്ടി കുറുക്കനങ്ങാടി വേലായുധന്റെ മകൻ ബിജു മണ്ണാർക്കണ്ടിയും, തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ (40) യുമാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സക്കിടെ ബിജു മരണപ്പെട്ടു. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ സിജോ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
സ്കൂട്ടർ നിയന്ത്രണം വിട്ടാണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അപകടം വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചു.

