റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധമല്ല. മറിച്ച് അക്രമികളുടെ സംഘടിതമായ വിളയാട്ടമാണെന്നും കേളി ആരോപിച്ചു. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും, ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പൊതുആരോഗ്യ മേഖല രാജ്യത്ത് തന്നെ മികച്ച സംവിധാനങ്ങളിലൊന്നാണെന്നും, വിവിധ ദേശീയ ഏജൻസികൾ അതിനെ അംഗീകരിച്ചിട്ടുണ്ടെന്നും കേളി വ്യക്തമാക്കി. വർഷംതോറും 13 കോടിയോളം ആളുകൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ മേഖലയിൽ നാളിതുവരെ 47 പരാതികളാണ് ഉയർന്നു വന്നത്. സർക്കാർ ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങളിലൂടെ നടക്കുന്നതെന്നും കേളി ആരോപിച്ചു.
സ്വകാര്യ മേഖലയിൽ ഉയരുന്ന അനവധി പരാതികളോട് മിണ്ടാതിരിക്കുന്ന പ്രതിപക്ഷം, സർക്കാർ മേഖലയെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ വിമർശിച്ചു.
കേരളത്തിലെ സർവമേഖലയെയും ഇരുണ്ട കാലത്തിലാക്കിയ പ്രതിപക്ഷത്തെ കഴിഞ്ഞ പത്ത് വർഷമായി ജനം അധികാര പരിധിയിൽ നിന്നും അകറ്റി നിർത്തിയിരുക്കുകയാണ്. ദുരന്തത്തെ പോലും പണപ്പിരിവിനുള്ള മാർഗമാക്കി മാറ്റിയ പ്രതിപക്ഷം ജനങ്ങളുടെ ചോദ്യത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് ഇത്തരം ആഭാസ സമരങ്ങളുമായി തെരുവിൽ ഇറങ്ങുന്നത്.
ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളയും. ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും കേളി ഓർമിപ്പിച്ചു.

