കോഴിക്കോട് : 228 കോടി മുടക്കി കെ.എസ്.റ്റി.പി. വഴി പൂർത്തിയാക്കിയ കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാന പാതയിലെ നിർമ്മാണ തകരാറുകൾ കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി – കെ.എസ്.റ്റി.പി. ഡിവിഷന് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കരാർ കമ്പനിയുമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ കൃത്യമായി പ്രാബല്യത്തിൽ കൊണ്ടുവന്ന് റോഡിലും അനുബന്ധ സൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള എല്ലാ അപാകതകളും കരാറുകാരനിലൂടെ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നിർദ്ദേശങ്ങൾ കമ്പനി പാലിച്ചില്ലെങ്കിൽ കരാറിലെ പിഴ, ഡിഫോൾട്ട്, കരിമ്പട്ടികയിൽപെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർക്കും കെ.എസ്.റ്റി.പി. പ്രോജക്റ്റ് ഡയറക്ടർക്കും കർശന നിർദ്ദേശം നൽകി. നിലവിലെ അപകടസാധ്യത ഒഴിവാക്കുന്നതിനായി അടിയന്തര താത്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ, കെ.എസ്.റ്റി.പി. പ്രോജക്റ്റ് ഡയറക്ടർ, പി.ഡബ്ല്യു.ഡി. കെ.എസ്.റ്റി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ചരക്കുവാഹനങ്ങളുടെ ചക്രങ്ങൾ പതിയുന്ന റോഡിന്റെ ഇടതുഭാഗം താഴ്ന്ന് ചാലുകളും വരമ്പുകളും രൂപപ്പെട്ടതായി പരാതിക്കാരനായ മജീദ് താമരശ്ശേരി നൽകിയ പരാതിയിൽ പറഞ്ഞു. തെരുവുവിളക്കുകൾക്കുള്ള വൈദ്യുതി കേബിളുകൾ ഡ്രെയിനേജിലൂടെ സ്ഥാപിച്ചിരിക്കുന്നതു കാരണം ഷോർട് സർക്യൂട്ട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. ഫുട്പാത്തിന് മുകളിലൂടെ അശാസ്ത്രീയമായി സ്ലാബുകൾ സ്ഥാപിച്ചതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു.
ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി, ജെ.എസ്.വി. അസോസിയേറ്റ് എഞ്ചിനീയേഴ്സ് ആന്റ് കൺസൾട്ടന്റ്സ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ റോഡ് അഞ്ചു വർഷ പരിപാലന കാലാവധിയിലാണെന്ന് പി.ഡബ്ല്യു.ഡി. കെ.എസ്.റ്റി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 2024 നവംബർ 7 മുതൽ 2025 ഓഗസ്റ്റ് 11 വരെ കരാറുകാരന് കത്തയക്കുകയും വാക്കാൽ നിർദ്ദേശം നൽകുകയും ചെയ്തിട്ടും മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

