പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ പി കെ ശശിയെ പാർട്ടിയില്‍ നിന്ന് പുറത്താക്കി.സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പി കെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കണ്‍വെൻഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ശശി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ നീക്കം.
താഴേത്തട്ട് മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെയുള്ല നേതാക്കളുടെ തെറ്റുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്പിരിറ്റ് കച്ചവടക്കാരനെന്നാണ് പി കെ ശശി വിശേഷിപ്പിച്ചത്.
വിമത കണ്‍വെൻഷനിലെ പി കെ ശശിയുടെ വാക്കുകള്‍:
‘സിപിഎമ്മിലെ മുൻ ഏരിയാ സെക്രട്ടറിമാർ ഉള്‍പ്പെടെ നിരവധിപേർ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അർപ്പണബുദ്ധിയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ ശേഷിയുള്ള ഒരു പടയുടെ മുഖമാണ് ഇവിടെ കാണുന്നത്. ഇത് വിമതന്മാരുടെ കണ്‍വെൻഷനല്ല, വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വെൻഷനാണ്. ഞങ്ങള്‍ ആഗ്രഹിച്ചല്ല ഇവിടെ എത്തിയത്. ഞങ്ങളെ ഇതിന് നിർബന്ധിതരാക്കിയ സാഹചര്യം പാലക്കാട് ജില്ലയിലുണ്ടായി.
പാർട്ടിയുടെ ഭരണം മുൻനിർത്തി പാലക്കാട്ടെ ചില നേതാക്കന്മാർ കാണിച്ചുകൂട്ടിയ തോന്നിവാസങ്ങള്‍ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ആ അഴിമതിയൊന്നും വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വി ഡി സതീശൻ പറഞ്ഞതുപോലെ മദ്യപാനസദസില്‍ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥയാണ്.
പാർട്ടിയില്‍ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ഒരാള്‍ സ്പിരിറ്റ് കേസിലെ ഒന്നാം പ്രതിയാണ്. ഇതിനെതിരെ നിലപാടെടുത്ത പലരെയും പാർട്ടിയില്‍ നിന്ന് പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. അവരുടെയെല്ലാം രോഷപ്രകടനമാണ് ഈ കണ്വെൻഷൻ. ജോലിയില്‍ നിന്ന് പോലും പിരിച്ചുവിടപ്പെട്ട നിരവധി സഖാക്കന്മാർ ഈ വേദിയിലുണ്ട്. ജനകീയരായ നേതാക്കള്‍ ഇരുന്ന കസേരയിലാണ് ഇപ്പോഴൊരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്.’

