റിയാദ്: പ്രവാസലോകത്തെ റമദാൻ ദിനങ്ങൾക്ക് ആത്മീയ നിറവേകി തിരുവമ്പാടി മണ്ഡലം കെ.എം.സി.സി പ്രാർത്ഥനാ സദസ്സും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. മൻസൂറയിലെ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
സഹോദരത്വത്തിന്റെയും കാരുണ്യത്തിന്റെയും മഹത്തായ സന്ദേശം വിളിച്ചോതിയ സംഗമം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. മണ്ഡലം പ്രസിഡന്റ് അലി അഹമ്മദ് പേക്കാടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിനിധി ഷമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ കെ.എം.സി.സി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ പ്രസക്തി അദ്ദേഹം ഓർമ്മിപ്പിച്ചു.
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം മുഖ്യപ്രഭാഷണം നടത്തി. റമദാൻ മാസം നൽകുന്ന ആത്മീയ കരുത്ത് മനുഷ്യർക്കിടയിൽ ഐക്യവും സ്നേഹവും വളർത്താൻ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളോടുള്ള കരുണയും വിട്ടുവീഴ്ചാ മനോഭാവവുമാണ് നോമ്പിന്റെ യഥാർത്ഥ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാസിർ അഹ്സനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
റാഷിദ് ദയ, ബാദുഷ അടിവാരം, യദി മുഹമ്മദ്, ശിഹാബ് കൊടിയത്തൂർ, സുഹാസ് ചേപ്പാലി, താഹിർ കൊടിയത്തൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മണ്ഡലം സെക്രട്ടറി റഫീഖ് നൂറാംതോട് സ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് കൊല്ലളത്തിൽ നന്ദി രേഖപ്പെടുത്തി.
ഷംനാദ് നൂറാംതോട്, ഇബ്രാഹിം ടി.കെ., ശരീഫ് എരഞ്ഞോണ, സലാം തിരുവമ്പാടി എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

