കണ്ണൂർ: ഒരു മഴ കിട്ടിയിരുന്നെങ്കിൽ ചൂടിനു കുറവുണ്ടാകുമായിരുന്നെന്ന് ആശിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ വേനൽമഴ കനിയുന്നില്ല, ചൂട് അനുദിനം കൂടുന്നു. കത്തുന്ന ചൂടിൽ വാടിത്തളരുകയാണു ജില്ല. പുലർകാലത്തുപോലും തണുപ്പില്ലാത്ത അവസ്ഥ. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിയാണു പകൽ മുഴുവൻ. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം.
കഴിഞ്ഞദിവസങ്ങളിൽ പാലക്കാട് ജില്ലയിലാണ് കൂടുതൽ ചൂട് (36.3 ഡിഗ്രി സെൽഷ്യസ്) അനുഭവപ്പെട്ടതെങ്കിലും തൊട്ടുപിന്നാലെ കണ്ണൂരുമുണ്ട് (35.6). വേനൽമഴ ഏറ്റവും കുറവു ലഭിച്ചതു വടക്കൻ ജില്ലകളിലാണ്. ഫെബ്രുവരിയുടെ തുടക്കത്തിൽമാത്രമേ മഴയുണ്ടായിട്ടുള്ളൂ. അന്തരീക്ഷത്തിൽ കാർമേഘമുണ്ടെങ്കിലും മഴ പെയ്യുന്നില്ല. ഇതു ചൂടു കൂടാനും കാരണമാകുന്നു. രാത്രിയിലും താപനില ഉയർന്നുനിൽക്കുകയാണ്. മാർച്ച് അവസാനത്തോടെ മാത്രമേ വേനൽമഴ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണു കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഏപ്രിലിലും മേയിലും വേനൽമഴ കൂടുതൽ ലഭിക്കുമെന്നതിനാൽ വരൾച്ചയ്ക്കു സാധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
വേനൽക്കാല മുൻകരുതലുകൾ
•ധാരാളം ശുദ്ധജലം കുടിക്കുക.
•യാത്ര ചെയ്യുമ്പോൾ ശുദ്ധജലം കൈവശം കരുതുക.
•ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
•നേരിട്ടു വെയിൽ ഏൽക്കുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുകയോ അല്ലെങ്കിൽ തോർത്ത് ഉപയോഗിച്ച് തല മറയ്ക്കുകയോ ചെയ്യുക.
•ഉച്ചയ്ക്ക് 12–3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
•ഉച്ചസമയത്തു പുറത്തുള്ള കഠിനമായ ജോലികളോ വ്യായാമങ്ങളോ ഒഴിവാക്കുക.
•തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
•മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ (സോഡ), പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
•നിർജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുന്നതു ശീലമാക്കുക.
Mediawings:

