​ചൂരൽമലയിലെ ‘കരുത്ത്’; ഐ.ആർ.ബി കമാൻഡോ ദിൽഷാദിന് ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ

തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്ത വയനാട് ചൂരൽമലയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (IRB) കമാൻഡോ ദിൽഷാദ് വി.പി.ക്ക് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ‘ബാഡ്ജ് ഓഫ് ഓണർ’ (Badge of Honour). തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് ദിൽഷാദ് പുരസ്കാരം ഏറ്റുവാങ്ങി.

​ചൂരൽമലയിൽ മഹാദുരന്തം വിതച്ച രാത്രിയിൽ, അപകടസ്ഥലത്തേക്ക് ആദ്യമെത്തിയ ഫസ്റ്റ് റെസ്‌പോണ്ട് റെസ്‌ക്യൂ ടീമിലെ (First Respond Rescue Team) സജീവ അംഗമായിരുന്നു ദിൽഷാദ്. തകർന്നടിഞ്ഞ വീടുകൾക്കിടയിലും ഒലിച്ചുപോയ മണ്ണിലും കുടുങ്ങിക്കിടന്ന നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ കമാൻഡോ സംഘം നിർണ്ണായക പങ്കുവഹിച്ചു. പ്രതികൂല കാലാവസ്ഥയിലും തളരാതെ നടത്തിയ ഈ ഇടപെടലുകളാണ് ദിൽഷാദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

​മുൻ ഫയർ ഓഫീസർ ഉമ്മർ വി.പി.യുടെയും നൈസറി ടീച്ചർ കദീജ പുലക്കുത്തിന്റെയും മകനായ ദിൽഷാദ്, പിതാവിന്റെ സേവന പാരമ്പര്യം കാത്തുസൂക്ഷിച്ചാണ് പോലീസ് സേനയിൽ കരുത്തുറ്റ സാന്നിധ്യമാകുന്നത്. കോഴിക്കോട് കാരശ്ശേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ നേട്ടം നാടിനും സുഹൃത്തുക്കൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

​വിവിധ മേഖലകളിൽ അസാധാരണമായ സേവനമികവ് പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കാണ് ഡി.ജി.പി ഈ ബഹുമതി നൽകുന്നത്. ദുരന്തസമയങ്ങളിൽ തങ്ങളുടെ ജീവൻ പോലും കണക്കിലെടുക്കാതെ പൊതുജനങ്ങൾക്കായി നിലകൊള്ളുന്ന സുരക്ഷാ സേനയുടെ സമർപ്പണത്തിനുള്ള വലിയ അംഗീകാരമായാണ് ദിൽഷാദിന് ലഭിച്ച ഈ മെഡലിനെ സേന വിലയിരുത്തുന്നത്.

spot_img

Related Articles

Latest news