കണ്ണൂർ തളിപ്പറമ്പില്‍ സിപിഎമ്മില്‍ വൻ പൊട്ടിത്തെറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടി വിമതനായ ടി കെ ഗോവിന്ദൻ മത്സരിക്കും. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഗോവിന്ദൻ എന്നത് പാർട്ടി ഗ്രാമത്തിലെ സിപിഎമ്മിന് വൻ നാണക്കേടും തിരിച്ചടിയുമാണ്.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് രൂക്ഷമായ എതിർപ്പ് ഉയർന്നിരുന്നു. ഇതിനു പിന്നാലെ, കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി കമ്മിറ്റി യോഗങ്ങളില്‍ നിന്നും ടി.കെ. ഗോവിന്ദൻ വിട്ടുനില്‍ക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.
തളിപ്പറമ്പിലെ പാർട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദൻ, പരിയാരം മെഡിക്കല്‍ കോളേജ് മുൻ ചെയർമാനും നിലവില്‍ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനുമാണ്. ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
എല്‍.ഡി.എഫിലെ ഈ പടലപ്പിണക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. തളിപ്പറമ്പിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതില്‍ ധൃതി കാണിക്കേണ്ടതില്ലെന്നും, എല്‍ഡിഎഫിലെ അസ്വസ്ഥതകള്‍ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം മതിയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

