റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്, ഈദ് അല്‍ ഫിത്തർ നമസ്കാരത്തിന് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍, തുറസ്സായ ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികള്‍ക്കുള്ളില്‍ വെച്ച് പെരുന്നാള്‍ നമസ്കാരം നിർവഹിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നല്‍കി. വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. സാധാരണയായി വലിയ മൈതാനങ്ങളിലും മറ്റും നടക്കാറുള്ള ഈദ് ഗാഹുകള്‍ക്ക് പകരം, ആ പ്രദേശങ്ങളിലെ ജുമാ മസ്ജിദുകളിലും നമസ്കാരത്തിനായി പ്രത്യേകം സജ്ജീകരിച്ച മറ്റ് പള്ളികളിലും സൗകര്യമൊരുക്കും. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പല പ്രവിശ്യകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വിശ്വാസികള്‍ പ്രാദേശികമായ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ബുധനാഴ്ച മുതല്‍ തിങ്കളാഴ്ച (മാർച്ച് 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവില്‍ ഡിഫൻസ് ജനറല്‍ ഡയറക്ടറേറ്റും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങള്‍ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു. മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അല്‍ കാമില്‍, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. എന്നാല്‍ ജിദ്ദ, റാബിഗ് എന്നിവിടങ്ങളില്‍ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ശക്തമായേക്കാം.

