ജമ്മു: ഒരു പതിറ്റാണ്ടിനിടയില്‍ കോണ്‍ഗ്രസ് വല്ലാതെ മെലിഞ്ഞെന്നും പുതിയ തലമുറ നേതാക്കളുമായുള്ള അടുപ്പം ഉറപ്പുവരുത്താന്‍ ശ്രമം വേണമെന്നും കോണ്‍ഗ്രസില്‍ വിമത ശബ്ദമയുയര്ത്തിയ നേതാക്കള്‍. താഴെത്തട്ടിലെ പ്രവര്‍ത്തകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ജമ്മുവില്‍ ശനിയാഴ്ച നടത്തിയ ‘ശാന്തി സമ്മേളന’ത്തിലാണ് നേതൃസംഘം ആവശ്യം മുന്നോട്ടുവെച്ചത്.
പാര്‍ലമെന്റില്‍ നിന്ന് വിരമിക്കാന്‍ ഗുലാം നബി ആസാദിനെ അനുവദിക്കാനുള്ള പാര്‍ട്ടി തീരുമാനം ഏറെ ദുഃഖിപ്പിച്ചതായി കപില്‍ സിബല്‍ പറഞ്ഞു. ഗുലാം നബിയുടെ അനുഭവത്തഴക്കം കോണ്‍ഗ്രസ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരുന്നു. ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന നേതാവാണ് ഗുലാം നബി. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രായോഗിക പരിചയം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്താത്തത് എന്ന് മനസ്സിലാവുന്നില്ല. പാര്‍ട്ടി നേരിടുന്ന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജമ്മു സമ്മേളനമെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഒത്തു കൂടിയിരിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
തങ്ങളിലാരും ജനല്വ ഴി ചാടിക്കടന്ന് പാര്‍ട്ടിയില്‍ എത്തിയതല്ലെന്നായിരുന്നു ആനന്ദ് ശര്‍മയുടെ ഓര്‍മപ്പെടുത്തല്‍. പടി വാതിലിലൂടെ തന്നെയാണ് കടന്നു വന്നത്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ പിന്നിട്ടാണ് എത്തിയത്. ഇന്ന് എവിടെയാണോ, അവിടെയെത്താന്‍ ഒത്തിരി ദൂരം നടന്നിട്ടുണ്ട്.1950കള്‍ക്കുശേഷം ജമ്മു-കശ്മീരിന് രാജ്യസഭയില്‍ ഒരു പ്രതിനിധി ഇല്ലാതെ പോകുന്നത് ഇതാദ്യമാണെന്നും അതു തിരുത്തപ്പെടണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശബ്ദമുയര്‍ത്തുന്നത്. എല്ലായിടത്തും പാര്‍ട്ടി ശക്തിപ്പെടണം.
പുതിയ തലമുറക്ക് പാര്‍ട്ടിയുമായി ബന്ധം വേണം. കോണ്‍ഗ്രസിെന്റ നല്ല ദിനങ്ങള്‍ കണ്ടവരാണ് തങ്ങള്‍. പ്രായം ചെല്ലുമ്പോള്‍ അതു തളരുന്നതു കാണാന്‍ വയ്യ. കോണ്‍ഗ്രസിനെ രക്ഷിക്കും. തങ്ങള്‍ കോണ്‍ഗ്രസുകാരാണോ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ ഐക്യത്തിലും ശക്തിയിലുമാണ് വിശ്വാസമെന്ന് ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.