സ്പോൺസറുടെ ക്രൂര മർദനത്തിന് ഇരയായ ആട്ടിടയനെ മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 130 കിലോമീറ്ററിലധികം അകലെയുള്ള ഒറ്റപ്പെട്ട മരുഭൂമി പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്ത് വരികയായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ കിസ്മത്ത് അൻസാരി സ്പോൺസറുടെ ക്രൂര മർദനത്തിനും ശാരീരിക പീഡനങ്ങൾക്കും ഇരയായി ഏഴ് മാസമായി ദുരിതജീവിതം നയിക്കുകയായിരുന്നു.

സ്പോൺസറുടെ നിരന്തരമായ മർദനത്തെ തുടർന്ന് കിസ്മത്ത് അൻസാരിയുടെ ശരീരമാസകലം മർദനത്തിന്റെ പാടുകളും ഗുരുതര പരുക്കുകളും ഉണ്ടായിരുന്നു. മർദനമേറ്റതിന്റെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെട്ട കുടുംബം സൗദി ഇന്ത്യൻ എംബസിയെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

പരാതിയുടെ ഗൗരവം മനസ്സിലാക്കിയ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. കേസിന്റെ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റായ വിബിൻ മറ്റത്തിനെ ഇന്ത്യൻ എംബസി നിയമപരമായി അധികാരപ്പെടുത്തി.

തുടർന്ന് വിബിൻ മറ്റത്ത് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് സ്പോൺസർക്കെതിരെ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഭാരവാഹികളായ ട്രഷറര്‍ റാഫി പരതൂർ, വൈസ്പ്രസിഡന്റ് ജിതേഷ് തെരുവത്ത് എന്നിവർ ചേർന്ന് നൂറിലധികം കിലോമീറ്റർ ദൂരെയുള്ള ഒറ്റപ്പെട്ട മരുഭൂമി മേഖലയിലേക്ക് യാത്ര തിരിച്ചു. ഏറെ പ്രയാസകരമായ സാഹചര്യങ്ങൾ തരണം ചെയ്ത് അവർ കിസ്മത്ത് അൻസാരിയെ കണ്ടെത്തുകയും സുരക്ഷിതമായി അവിടെ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരികയും ചെയ്തു.

രക്ഷാപ്രവർത്തനത്തിന് ശേഷം കിസ്മത്ത് അൻസാരിക്ക് ആവശ്യമായ നിയമസഹായങ്ങളും മറ്റ് ഔദ്യോഗിക നടപടികളും ഒരുക്കി. സ്പോൺസർക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും യാത്രാരേഖകളുടെ ക്രമീകരണവും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഏകദേശം ഒരാഴ്ചയോളം സമയം വേണ്ടിവന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കാൻ സാമൂഹിക പ്രവർത്തകർ നിരന്തരം ഇടപെട്ടു.

നിയമനടപടികളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനായി സൗദി അറേബ്യയിൽ തുടരേണ്ടി വന്ന സമയത്ത്, കിസ്മത്ത് അൻസാരിക്ക് ആവശ്യമായ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ ഒരുക്കുന്നതിൽ ജിതേഷ് തെരുവത്ത്, റാഫി പരുതൂർ,സമദ് കരുനാഗപ്പള്ളി , ജംഷാദ് അലി എന്നിവർ നിർണായക പങ്കുവഹിച്ചു. കൂടാതെ ഹഫർ അൽ ബാത്തിനിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണയും സഹകരണവും നൽകി.

എല്ലാ നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം കിസ്മത്ത് അൻസാരിയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി അയക്കാൻ സാധിച്ചു. സ്പോൺസറുടെ ക്രൂര മർദനത്തിൽ ശരീരമാസകലം പരുക്കുകളേറ്റ് മരുഭൂമിയിൽ ദുരിതജീവിതം നയിച്ചിരുന്ന ഒരു പ്രവാസിയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.

രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള നിയമനടപടികൾക്കും പിന്തുണ നൽകിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും, വിബിൻ മറ്റത്തിനും, കൂടാതെ വിവിധ ഘട്ടങ്ങളിൽ സഹായവും സഹകരണവും നൽകിയ എല്ലാ സാമൂഹിക പ്രവർത്തകർക്കും കിസ്മത്ത് അൻസാരിയും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. പ്രതിസന്ധിയുടെ നാളുകളിൽ തനിക്കൊപ്പമുണ്ടായിരുന്ന എല്ലാവരുടെയും ആത്മാർത്ഥമായ ഇടപെടലാണ് സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ചതെന്നും കുടുംബം വ്യക്തമാക്കി.

spot_img

Related Articles

Latest news